PADINJAREKUTTU FAMILY

More About Us

PADINJAREKUTTU FAMILY

പടിഞ്ഞാറേക്കുറ്റ് കുടുംബം

നമ്മുടെ കുടുംബങ്ങളിൽ നടക്കുന്ന പ്രധാന സംഭവങ്ങൾ കുടുംബങ്ങളെയും കുടുംബാംഗങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഇവയൊന്നും രേഖപ്പെടുത്തി വയ്ക്കുന്നരീതി നമുക്കില്ല. മൂന്നോ നാലോ തലമുറകൾക്കപ്പുറത്തുള്ള കാര്യങ്ങൾ അറിയുവാൻ ബുദ്ധിമുട്ടുണ്ട്. പഴയകാലത്തെ കുടുംബവ്യവസ്ഥയിൽ വാമൊഴിയായി കുറേ കാര്യങ്ങൾ പലരും തലമുറകൾക്ക് പകർന്നു കിട്ടുമായിരുന്നു. ആധുനികകാലത്ത് ജീവിക്കുവാനുള്ള വ്യഗ്രതയും തിരക്കും കാരണം അതിനുള്ള സാധ്യത തീരെയില്ല. ഇവിടെയാണ് കുടുംബയോഗങ്ങളുടെ പ്രസക്തിയും കുടുംബ ചരിത്രങ്ങളുടെ അനിവാര്യതയും വർദ്ധിക്കുന്നത്.

 

 ചരിത്രം എഴുതി സൂക്ഷിക്കുന്നതിൽ കേരളീയ ക്രിസ്ത്യാനികൾ പണ്ടുമുതലേ വിമുഖരായിരുന്നു. ക്രിസ്ത്യാനികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പതിനാറാം നൂറ്റാണ്ട് വരെ, കേരളത്തിന്റെ ഒരു സമഗ്ര ചരിത്രം ആരും എഴുതിയിട്ടില്ല എന്ന് എ. ശ്രീധരമേനോന്റെ ‘എ സർവ്വേ ഓഫ് കേരള ഹിസ്റ്ററി’ എന്ന ഗ്രന്ഥത്തിൽ പറയുന്നു. ക്രിസ്ത്യാനികളുടെ ചരിത്രത്തെ സംബന്ധിച്ച് ഇത് ശരിയാണ്. ക്രിസ്ത്യാനികൾക്ക് ലഭിച്ച ചെപ്പെടുകളും വിദേശികളായ സന്ദർശകരുടെ യാത്രാവിവരണങ്ങളും ഐതിഹ്യങ്ങളും ചില സ്മാരകങ്ങളും അടിസ്ഥാനമാക്കിയാണ് പിന്നീടുള്ള ചരിത്രം രചിക്കപ്പെടുന്നത്. കുടുംബ ചരിത്ര രചനയ്ക്കും ഈ പരിമിതികൾ എല്ലാം ബാധകമാണ്.

 

 നമ്മുടെ പൂർവികർ ആരായിരുന്നു? അവർ എവിടെ നിന്നു വന്നു? എങ്ങനെയാണ് അവർ ഇന്നത്തെ നിലയിലെത്തിയത്? അവരുടെ അനന്തര തലമുറക്കാർ ഇന്ന് എവിടെയെല്ലാം ഉണ്ട്? ഇക്കാര്യങ്ങളെ കുറിച്ചൊന്നും വ്യക്തമായ അറിവ് അടുത്ത കാലംവരെ ഉണ്ടായിരുന്നില്ല. കേട്ട്കേൾവി മാത്രമായിരുന്നു ആകെയുള്ള അറിവിന്റെ അടിസ്ഥാനം. എന്നാൽ ഇന്ന് നാം ജീവിക്കുന്നത് ചരിത്ര പഠനങ്ങൾക്ക് പ്രസക്തി വർദ്ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ്. ഇക്കാര്യങ്ങളെല്ലാം മനസ്സിൽ കണ്ടുകൊണ്ടു തന്നെയാണ് ഈ കുടുംബ ചരിത്രം രചിക്കാൻ തയ്യാറായിട്ടുള്ളത്.

 

എറണാകുളം ജില്ലയിൽ, മൂവാറ്റുപുഴ താലൂക്കിൽ, മുത്തോലപുരം ഗ്രാമത്തിൽ തലമുറകളായി താമസിച്ചുവരുന്നവരാണ് പടിഞ്ഞാറേകുറ്റ് കുടുംബാംഗക്കാർ. ഈ കുടുംബത്തിൽപ്പെട്ട അനേകംപേർ, പുതുമണ്ണ് തേടി മലബാറിന്റെ വിവിധ പ്രദേശങ്ങളിലേക്കും ഹൈറേഞ്ചിലേക്കും കുടിയേറി. അവരുടെ കുടിയേറ്റം അവർക്കും ആ പ്രദേശങ്ങൾക്കും പ്രയോജനകരമായി. ഒപ്പം തൊഴിലന്വേഷിച്ച് വിദേശങ്ങളിലേക്ക് പോയതിന്റെ നേട്ടവും വലുതുതന്നെ. ഇങ്ങനെ നാട്ടിലും മറുനാട്ടിലും ആയി കഴിയുന്ന ഏതാണ്ട് 200-ഓളം കുടുംബങ്ങളുടെ ചരിത്രം ഇവിടെ പ്രതിപാതിക്കുന്നുണ്ട് . പരസ്പരം അറിയുകയോ കാണുകയോപോലും ചെയ്യാത്ത പലരും ഈ കുടുംബങ്ങളിൽ ഉണ്ടാകാം . അവരെ അറിയാനും സ്നേഹിക്കാനും ഉള്ള ഒരു എളിയ മാർഗ്ഗം എന്ന നിലയിൽ ഈ ഉദ്യമത്തെ  സ്വീകരിക്കുമല്ലോ. കുറ്റമറ്റ ഒരു കുടുംബ ചരിത്രം എന്ന് ഇതിനെ വിശേഷിപ്പിക്കുന്നില്ല. കുറ്റങ്ങളും കുറവുകളും കണ്ടേക്കാം, അല്ലെങ്കിൽ ഉണ്ട്. ഈ ഉദ്യമത്തെ എല്ലാ പരിമിതികളോടും കൂടി സദയം സ്വീകരിക്കുക.

 

കാലം കൈമാറി തന്ന പൈതൃക സമ്പത്തിന്റെ സംരക്ഷകയും മനുഷ്യകുലത്തിന്റെ ചരിത്രഗതിയിൽ ഉറവെടുക്കുന്ന നവീന സംസ്കൃതിയുടെ സ്രോതസ്സും കുടുംബമാണ്. ജനതകളും നാഗരികതകളും കെട്ടിപ്പടുക്കുന്ന മഹാസൗഹൃദത്തിന്റെ അടിസ്ഥാനശിലയാണിത്. സഭയുടെയും സമൂഹത്തിന്റെയും ഏറ്റവും ചെറിയ പതിപ്പും ഇതുതന്നെ. ഇക്കാരണത്താലാവണം ഗാർഗിക സഭ എന്നും മനുഷ്യത്വത്തിന്റെ വിദ്യാലയം എന്നും സമുദായത്തിന്റെ അടിസ്ഥാനം എന്നൊക്കെ രണ്ടാം വത്തിക്കാൻ കൗൺസിൽ പിതാക്കന്മാർ കുടുംബത്തെ വിശേഷിപ്പിച്ചത് അപ്പോൾ സഭയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്കും സുസ്ഥിതിക്കും വേണ്ടി പരസ്പരം അറിഞ്ഞും സ്നേഹിച്ചും സഹായിച്ചും ജീവിക്കുവാൻ നമുക്കുള്ള കടമയും വ്യക്തമാക്കുന്നു. ഇങ്ങനെ പരസ്പരം അറിഞ്ഞും സ്നേഹിച്ചും ആശ്രയിച്ചും സർവ്വോപരി ദൈവാശ്രയ ബോധത്തിലും വളരുവാൻ കൂട്ടായ്മ നമ്മെ ഓരോരുത്തരെയും ശക്തരാക്കട്ടെ.

 

 

THE ROOT FAMILY

മൂലകുടുംബം

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മുത്തോലപുരം ഗ്രാമത്തിൽ തലമുറകളായി ജീവിച്ചു വരുന്ന പടിഞ്ഞാറേക്കുറ്റ് കുടുംബത്തിൽപ്പെട്ട നല്ലൊരു ഭാഗം അംഗങ്ങൾ കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി വിവിധ കാരണങ്ങളാൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും കുടിയേറിപാർക്കുന്നു. അതുകൊണ്ട് തലമുറ തലമുറയായി പറഞ്ഞുപോരുന്ന വസ്തുതകളെ അടിസ്ഥാനമാക്കി മാത്രമേ നമ്മുടെ കുടുംബ ചരിത്രം എഴുതുവാൻ സാധിക്കുകയുള്ളൂ. 250 വർഷം പിന്നിലേക്കുള്ള ചരിത്രം ആരും വ്യക്തമായി പറഞ്ഞിരുന്നുമില്ല. ഏകദേശം എ. ഡി. 1750 കാലയളവിൽ കുര്യൻ എന്ന ആൾ മുത്തോലപുരം വാളശ്ശേരി തലകുടുംബത്തിൽ നിന്നും പടിഞ്ഞാറെകുന്നിലേക്ക് മാറിതാമസിച്ചു. കാലാന്തരത്തിൽ പടിഞ്ഞാറേക്കുറ്റ് എന്ന വീട്ടുപേരിൽ അറിയപ്പെടാൻ തുടങ്ങി.

 നമ്മുടെ മൂലകുടുംബത്തെ പറ്റിയുള്ള അറിവ് ലഭിക്കുന്നത് കൊടുങ്ങല്ലൂരിൽ നിന്നും കടുത്തുരുത്തിയിൽ വന്നു താമസമാക്കിയ കടവിൽ കുടുംബത്തിൽപ്പെട്ട തൊടുപുഴ ചെമ്പരത്തിക്കാരും കുറിച്ചിത്താനം താമരക്കാട്ടുകാരും അരഞ്ഞാണി തലകുടുംബത്തിൽപ്പെട്ട നെടുവേലിക്കാരും എഴുതിയിട്ടുള്ള കുടുംബ ചരിത്രങ്ങളിൽ നിന്നുമാണ്.

 കടുത്തുരുത്തിയിൽ നിന്ന് വിഭിന്ന കാലങ്ങളിൽ വിഭിന്ന സ്ഥലങ്ങളിലേക്ക് കടവിൽ കുടുംബത്തിൽപ്പെട്ടവർ കുടിയേറിയെന്ന് മേൽപ്പറഞ്ഞ ചരിത്ര ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട്.

 ഒമ്പതാം നൂറ്റാണ്ടിൽ ചെമ്പ്കടവിൽ നിന്നും ചെമ്പരത്തി കുടുംബം തൊടുപുഴയിലേക്ക് കുടിയേറി എന്ന് അവരുടെ കുടുംബ ചരിത്രത്തിൽ പറയുന്നു.

 പതിനാറാം നൂറ്റാണ്ടിൽ കോഴയിലേക്ക് കുടിയേറിയവരാണ് അരീത്ര കുടുംബക്കാർ.

 ഏഴനിക്കാട്ട് കുടുംബ ചരിത്രത്തിൽ പറയുന്നതനുസരിച്ച് എട്ടാം നൂറ്റാണ്ടിൽ കടവിൽ കുടുംബത്തിൽപ്പെട്ട ഒരാൾ ചെമ്പിൽ അയിമനം പറമ്പിൽ താമസമാക്കി. അവിടെനിന്ന് പതിനാറാം നൂറ്റാണ്ടിൽ നാഗപ്പുഴയിൽ ഏഴനക്കാട്ടേക്ക് കുടിയേറി.

 പത്താം ശതകത്തിൽ കടുത്തുരുത്തി മുല്ലശ്ശേരി കടവിൽ നിന്നും ആറന്മുളയിലേക്ക് കുടിയേറിയവരാണ് മുല്ലശ്ശേരി വെൺമണി തരകന്മാർ.

 പതിനേഴാം നൂറ്റാണ്ടിൽ കടുത്തുരുത്തി തെക്കുങ്കൽ കടവിൽ നിന്നും വാഴക്കുളത്തേക്ക് കുടിയേറിയ വറീത് കുട്ടിയാണ് നമ്പ്യാപറമ്പിൽ കുടുംബത്തിന്റെ സ്ഥാപകൻ.

 പതിനേഴാം നൂറ്റാണ്ടിൽ കടവിൽ കുടുംബത്തിൽപ്പെട്ട ഒരു പിതാവ് കടുത്തുരുത്തിയിൽ നിന്നും കുറവിലങ്ങാട് വഴി കരിനെച്ചിയിലേക്ക് (ഉഴവൂർ) കുടിയേറി. അന്ന് ഉഴവൂരിൽ പള്ളി ഉണ്ടായിരുന്നില്ല, ഇടവക കുറവിലങ്ങാട് ആയിരുന്നു. ഉഴവൂർ പള്ളി നിർമ്മിച്ചത് എ. ഡി. 1631ൽ ആണ് ഉഴവൂർ പള്ളിയുടെ നിർമ്മാണത്തിൽ വഹിച്ച മുഖ്യമന്ത്രിയുടെ അംഗീകാരമായി നമ്മുടെ പൂർവികർക്ക് ഉഴവൂർ പള്ളിയിൽനിന്നും അഞ്ചേകാലും കോപ്പും ആണ്ടോടാണ്ട് അനുവദിച്ചിരുന്നു. കൂടാതെ ഈ കുടുംബത്തിൽ നിന്നും സ്ഥിരമായി ഒരു കൈക്കാരനും ഉണ്ടായിരുന്നു. മാറാകൈക്കാരൻ എന്നായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്.

 അഞ്ചാം തലമുറ വരെ കരിനെച്ചിയിൽ കഴിഞ്ഞു. മൂന്നാം തലമുറക്കാരന് ആയ കാരണവർക്ക് അഞ്ച് ആൺമക്കൾ ഉണ്ടായിരുന്നു. അംഗസംഖ്യ വർദ്ധിച്ചപ്പോൾ അവർ വിഭിന്ന സ്ഥലങ്ങളിലേക്ക് കുടിയേറി.

 രണ്ടുപേർ കുടുംബസമേതം മുത്തോലപുരത്ത് എത്തി അവരിൽ ഒരാൾ വേളാശ്ശെരിയിലും രണ്ടാമൻ അരഞ്ഞാണിയിലും താമസമാക്കി. മൂന്നാമൻ കുറിച്ചി താനം കരയിൽ താമരക്കാട്ട് താമസിച്ചു. നാലാമൻ രാമപുരത്തേക്ക് കുടിയേറി കണിപ്പിള്ളിൽ താമസിച്ചു. അഞ്ചാമൻ അവിവാഹിതനായിരുന്നു. അയാൾ തനിച്ച് തിരുവല്ലയ്ക്ക്പോയി. അവിടെവെച്ച് അയാൾ കല്ലുപാറയിൽ നിന്നും വിവാഹം ചെയ്തു അയാളുടെ സന്താന പരമ്പര പുന്നമണ്ണിൽ എന്ന വീട്ടുപേരിൽ അറിയപ്പെടുന്നു.

 വംശാവലി

 പടിഞ്ഞാറേക്കുറ്റ് കുടുംബത്തിലെ അഞ്ച് തലമുറകൾ വരെ ജീവിച്ചിരുന്ന ചില കുടുംബാംഗങ്ങളുടെ പേരുകളും വിവാഹ വിവരങ്ങളും വിദേശത്തും അന്യസംസ്ഥാനത്തും താമസിക്കുന്നവരുടെ മക്കളുടെ വിവരങ്ങളും ഇളം തലമുറയിലെ ചിലരുടെ പേരുകളും ലഭിച്ചിട്ടില്ല. അതിനാൽ നാളിതുവരെ ലഭിച്ചിരിക്കുന്ന വിവരങ്ങൾ മാത്രമാണ്  കുടുംബ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പടിഞ്ഞാറേക്കുറ്റ് കുടുംബത്തിലെ ശാഖ കുടുംബങ്ങളുടെ വിശദ വിവര പട്ടികയ്യാണ് “പടിഞ്ഞാറേക്കുറ്റ് ശാഖാ കുടുംബങ്ങൾ ” എന്ന പേരിൽ താഴെ ചേർത്തിരിക്കുന്നത്.നമ്മുടെ കുടുംബത്തിലെ എല്ലാവരുടെയും പേരുകൾ ചേർത്ത് എഴുതുവാനും ഭാവിയിൽ കൂട്ടിച്ചേർത്ത് അപ്ഡേറ്റ് ചെയ്യുവാനും ഈ ഉദ്യമത്തിന് സാധിക്കട്ടെ. അങ്ങനെ എല്ലാവർക്കും അറിയുവാനും പരിചയപ്പെടുവാനും ഈ ഡിജിറ്റൽ സംരംഭത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Compare Listings