എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മുത്തോലപുരം ഗ്രാമത്തിൽ തലമുറകളായി ജീവിച്ചു വരുന്ന പടിഞ്ഞാറേക്കുറ്റ് കുടുംബത്തിൽപ്പെട്ട നല്ലൊരു ഭാഗം അംഗങ്ങൾ കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി വിവിധ കാരണങ്ങളാൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും കുടിയേറിപാർക്കുന്നു. അതുകൊണ്ട് തലമുറ തലമുറയായി പറഞ്ഞുപോരുന്ന വസ്തുതകളെ അടിസ്ഥാനമാക്കി മാത്രമേ നമ്മുടെ കുടുംബ ചരിത്രം എഴുതുവാൻ സാധിക്കുകയുള്ളൂ. 250 വർഷം പിന്നിലേക്കുള്ള ചരിത്രം ആരും വ്യക്തമായി പറഞ്ഞിരുന്നുമില്ല. ഏകദേശം എ. ഡി. 1750 കാലയളവിൽ കുര്യൻ എന്ന ആൾ മുത്തോലപുരം വാളശ്ശേരി തലകുടുംബത്തിൽ നിന്നും പടിഞ്ഞാറെകുന്നിലേക്ക് മാറിതാമസിച്ചു. കാലാന്തരത്തിൽ പടിഞ്ഞാറേക്കുറ്റ് എന്ന വീട്ടുപേരിൽ അറിയപ്പെടാൻ തുടങ്ങി.
നമ്മുടെ മൂലകുടുംബത്തെ പറ്റിയുള്ള അറിവ് ലഭിക്കുന്നത് കൊടുങ്ങല്ലൂരിൽ നിന്നും കടുത്തുരുത്തിയിൽ വന്നു താമസമാക്കിയ കടവിൽ കുടുംബത്തിൽപ്പെട്ട തൊടുപുഴ ചെമ്പരത്തിക്കാരും കുറിച്ചിത്താനം താമരക്കാട്ടുകാരും അരഞ്ഞാണി തലകുടുംബത്തിൽപ്പെട്ട നെടുവേലിക്കാരും എഴുതിയിട്ടുള്ള കുടുംബ ചരിത്രങ്ങളിൽ നിന്നുമാണ്.
കടുത്തുരുത്തിയിൽ നിന്ന് വിഭിന്ന കാലങ്ങളിൽ വിഭിന്ന സ്ഥലങ്ങളിലേക്ക് കടവിൽ കുടുംബത്തിൽപ്പെട്ടവർ കുടിയേറിയെന്ന് മേൽപ്പറഞ്ഞ ചരിത്ര ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട്.
ഒമ്പതാം നൂറ്റാണ്ടിൽ ചെമ്പ്കടവിൽ നിന്നും ചെമ്പരത്തി കുടുംബം തൊടുപുഴയിലേക്ക് കുടിയേറി എന്ന് അവരുടെ കുടുംബ ചരിത്രത്തിൽ പറയുന്നു.
പതിനാറാം നൂറ്റാണ്ടിൽ കോഴയിലേക്ക് കുടിയേറിയവരാണ് അരീത്ര കുടുംബക്കാർ.
ഏഴനിക്കാട്ട് കുടുംബ ചരിത്രത്തിൽ പറയുന്നതനുസരിച്ച് എട്ടാം നൂറ്റാണ്ടിൽ കടവിൽ കുടുംബത്തിൽപ്പെട്ട ഒരാൾ ചെമ്പിൽ അയിമനം പറമ്പിൽ താമസമാക്കി. അവിടെനിന്ന് പതിനാറാം നൂറ്റാണ്ടിൽ നാഗപ്പുഴയിൽ ഏഴനക്കാട്ടേക്ക് കുടിയേറി.
പത്താം ശതകത്തിൽ കടുത്തുരുത്തി മുല്ലശ്ശേരി കടവിൽ നിന്നും ആറന്മുളയിലേക്ക് കുടിയേറിയവരാണ് മുല്ലശ്ശേരി വെൺമണി തരകന്മാർ.
പതിനേഴാം നൂറ്റാണ്ടിൽ കടുത്തുരുത്തി തെക്കുങ്കൽ കടവിൽ നിന്നും വാഴക്കുളത്തേക്ക് കുടിയേറിയ വറീത് കുട്ടിയാണ് നമ്പ്യാപറമ്പിൽ കുടുംബത്തിന്റെ സ്ഥാപകൻ.
പതിനേഴാം നൂറ്റാണ്ടിൽ കടവിൽ കുടുംബത്തിൽപ്പെട്ട ഒരു പിതാവ് കടുത്തുരുത്തിയിൽ നിന്നും കുറവിലങ്ങാട് വഴി കരിനെച്ചിയിലേക്ക് (ഉഴവൂർ) കുടിയേറി. അന്ന് ഉഴവൂരിൽ പള്ളി ഉണ്ടായിരുന്നില്ല, ഇടവക കുറവിലങ്ങാട് ആയിരുന്നു. ഉഴവൂർ പള്ളി നിർമ്മിച്ചത് എ. ഡി. 1631ൽ ആണ് ഉഴവൂർ പള്ളിയുടെ നിർമ്മാണത്തിൽ വഹിച്ച മുഖ്യമന്ത്രിയുടെ അംഗീകാരമായി നമ്മുടെ പൂർവികർക്ക് ഉഴവൂർ പള്ളിയിൽനിന്നും അഞ്ചേകാലും കോപ്പും ആണ്ടോടാണ്ട് അനുവദിച്ചിരുന്നു. കൂടാതെ ഈ കുടുംബത്തിൽ നിന്നും സ്ഥിരമായി ഒരു കൈക്കാരനും ഉണ്ടായിരുന്നു. മാറാകൈക്കാരൻ എന്നായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്.
അഞ്ചാം തലമുറ വരെ കരിനെച്ചിയിൽ കഴിഞ്ഞു. മൂന്നാം തലമുറക്കാരന് ആയ കാരണവർക്ക് അഞ്ച് ആൺമക്കൾ ഉണ്ടായിരുന്നു. അംഗസംഖ്യ വർദ്ധിച്ചപ്പോൾ അവർ വിഭിന്ന സ്ഥലങ്ങളിലേക്ക് കുടിയേറി.
രണ്ടുപേർ കുടുംബസമേതം മുത്തോലപുരത്ത് എത്തി അവരിൽ ഒരാൾ വേളാശ്ശെരിയിലും രണ്ടാമൻ അരഞ്ഞാണിയിലും താമസമാക്കി. മൂന്നാമൻ കുറിച്ചി താനം കരയിൽ താമരക്കാട്ട് താമസിച്ചു. നാലാമൻ രാമപുരത്തേക്ക് കുടിയേറി കണിപ്പിള്ളിൽ താമസിച്ചു. അഞ്ചാമൻ അവിവാഹിതനായിരുന്നു. അയാൾ തനിച്ച് തിരുവല്ലയ്ക്ക്പോയി. അവിടെവെച്ച് അയാൾ കല്ലുപാറയിൽ നിന്നും വിവാഹം ചെയ്തു അയാളുടെ സന്താന പരമ്പര പുന്നമണ്ണിൽ എന്ന വീട്ടുപേരിൽ അറിയപ്പെടുന്നു.
വംശാവലി
പടിഞ്ഞാറേക്കുറ്റ് കുടുംബത്തിലെ അഞ്ച് തലമുറകൾ വരെ ജീവിച്ചിരുന്ന ചില കുടുംബാംഗങ്ങളുടെ പേരുകളും വിവാഹ വിവരങ്ങളും വിദേശത്തും അന്യസംസ്ഥാനത്തും താമസിക്കുന്നവരുടെ മക്കളുടെ വിവരങ്ങളും ഇളം തലമുറയിലെ ചിലരുടെ പേരുകളും ലഭിച്ചിട്ടില്ല. അതിനാൽ നാളിതുവരെ ലഭിച്ചിരിക്കുന്ന വിവരങ്ങൾ മാത്രമാണ് കുടുംബ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
പടിഞ്ഞാറേക്കുറ്റ് കുടുംബത്തിലെ ശാഖ കുടുംബങ്ങളുടെ വിശദ വിവര പട്ടികയ്യാണ് “പടിഞ്ഞാറേക്കുറ്റ് ശാഖാ കുടുംബങ്ങൾ ” എന്ന പേരിൽ താഴെ ചേർത്തിരിക്കുന്നത്.നമ്മുടെ കുടുംബത്തിലെ എല്ലാവരുടെയും പേരുകൾ ചേർത്ത് എഴുതുവാനും ഭാവിയിൽ കൂട്ടിച്ചേർത്ത് അപ്ഡേറ്റ് ചെയ്യുവാനും ഈ ഉദ്യമത്തിന് സാധിക്കട്ടെ. അങ്ങനെ എല്ലാവർക്കും അറിയുവാനും പരിചയപ്പെടുവാനും ഈ ഡിജിറ്റൽ സംരംഭത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.